മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ ആറ് മണി മുതൽ പൊതുദർശനത്തിന് വെക്കും. രാത്രി 10 മണി വരെയാണ് പൊതുദർശനം. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം നടക്കും
നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു മുസ്ലിം ലീഗ് നേതാവായ ഇബ്രാഹിംകുഞ്ഞ്. മധ്യകേരളത്തിലെ ലീഗിന്റെ മുഖമായിരുന്നു. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്ന് മത്സരിച്ചു. 2011, 2016 വർഷങ്ങളിൽ കളമശ്ശേരിയെ പ്രതിനിധീകരിച്ചു.
