തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് 3 വർഷം തടവുശിക്ഷ
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷയും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഗൂഢാലോചനക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവ്, കള്ളത്തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് ശിക്ഷ. കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റകൃത്യമാണ് തെളിയിക്കപ്പെട്ടത്
1990 ഏപ്രിൽ 4നാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിവസ്തുവുമായി ഓസ്‌ട്രേലിയൻ പൗരൻ പിടിയിലായത്. ഈ പ്രതിയെ വെറുതെവിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്
