മുഖ്യമന്ത്രിയുടെ മകളുടെ പേരിലടക്കം നാല് കേസ്; ഹർജിക്കാരന് 40,000 രൂപ പിഴയിട്ട് ഹൈക്കോടതി

high court

അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാല് കേസുകൾ ലിസ്റ്റ് ചെയ്യിച്ചതിന് ചുമത്തിയ പിഴ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും പതിനായിരം രൂപ വീതം നാൽപതിനായിരം രൂപ ഹർജിക്കാരനായ എംആർ അജയൻ അടയ്ക്കണം. ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ പിഴ പതിനായിരത്തിൽ നിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

അവധിക്കാല ബെഞ്ച് കോടതിച്ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കാനും കോടതി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി എക്‌സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയടക്കം നാല് കേസുകൾ അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്യിച്ചതിനാണ് ഡിസംബർ 23ന് കോടതി പിഴ ചുമത്തിയത്

ഇതിനെതിരെ ഹർജിക്കാരൻ പുനഃപരിശോധന ഹർജി നൽകുകയായിരുന്നു. ഹർജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും നടപടി പുനഃപരിശോധിക്കാൻ മതിയായ കാരണങ്ങളില്ലെന്നും വ്യക്തമാക്കിയ കോടതി റിവ്യു പെറ്റീഷൻ തള്ളുകയായിരുന്നു.
 

Tags

Share this story