മലപ്പുറത്ത് കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ

മലപ്പുറം MDMA

മലപ്പുറം: നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്കും യുവാക്കൾക്കും രാസലഹരിയായ എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിലായി. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ.എമ്മിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് ആദ്യം പിടിച്ചെടുത്തു. ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, വിവേക് വിജയൻ, റീന എന്നിവർക്ക് ഇയാൾ സ്ഥിരമായി എംഡിഎംഎ വിൽക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കോളജ് അധ്യാപകനായ സുഹൈൽ മറ്റ് പ്രതികളുമായി ചേർന്ന് വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. അധ്യാപകൻ മൂന്ന് വർഷത്തോളമായി ഈ കോളജിൽ ജോലി ചെയ്തുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags

Share this story