വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: വ്യാജപ്രചരണമെന്നു വിദ്യാഭ്യാസമന്ത്രി

Fake

തിരുവനന്തപുരം : എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ്പ് നൽകുമെന്നതു വ്യാജപ്രചരണമാണെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിന്‍റെ ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി കുട്ടികളുടെ വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജി‌പിയ്ക്ക് പരാതി നൽകിയതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

തട്ടിപ്പുകാർ നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തും ഷെയർ ചെയ്തും വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും വിദ്യാഭ്യാസമന്ത്രി മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുടെ വിവരശേഖരത്തിനുള്ള ഓൺലൈൻ തട്ടിപ്പാണിതെന്നു കേരള പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും വാട്സപ്പിലൂടെയും സൗജന്യ ലാപ്ടോപ്പ് നൽകുന്നുവെന്ന സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്താൽ ലാപ് ടോപ്പ് ലഭിക്കുമെന്ന തരത്തിലാണു സന്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പേരും ലോഗോയും ഉപയോഗിച്ചാണു വ്യാജപ്രചരണം.

Share this story