ജി സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകൻ; പ്രശംസയുമായി വി ഡി സതീശൻ

satheeshan

ജി സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മന്ത്രിയായിരിക്കെ 141 നിയോജക മണ്ഡലങ്ങളിലേക്കും ഒരു പോലെ പണം കൊടുത്ത മന്ത്രിയായിരുന്നു സുധാകരനെന്നും വി ഡി സതീശൻ പറഞ്ഞു. ജി സുധാകരനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാൻ ഇപ്പോൾ സാഹചര്യമില്ലെന്ന് കെ സി വേണുഗോപാൽ എംപിയും പ്രതികരിച്ചു. മന്ത്രി സജി ചെറിയാനെതിരെയും സിപിഎം നേതാവ് എകെ ബാലനെതിരെയും ജി സുധാകരൻ ഇന്ന് രംഗത്തുവന്നിരുന്നു. 

തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ സജി ചെറിയാന് ഇല്ലെന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. സൂക്ഷിച്ച് സംസാരിക്കണം. ഏറ്റുമുട്ടാൻ സജി വരേണ്ട. അങ്ങനെ വന്ന ആരും ജയിച്ചിട്ടില്ലെന്നും ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്റെ രീതികൾ മാറിയിട്ടില്ലെന്ന എ കെ ബാലന്റെ പരാമർശത്തിനും കടുത്ത ഭാഷയിലാണ് ജി സുധാകരൻ മറുപടി നൽകിയത്. അമ്പലപ്പുഴയിൽ എങ്ങനെ ജയിക്കാനാണെന്നും എ കെ ബാലൻ വന്ന് പ്രചാരണം നടത്തുമോ എന്നും പരിഹാസ രൂപേണ അദ്ദേഹം ചോദിച്ചു. 

അടുത്തിടെയായി സിപിഎം നേതൃത്വവുമായി അകൽച്ചയിലാണ് ജി സുധാകരൻ. സുധാകരൻ പാർട്ടിയോട് ചേർന്ന് നിൽക്കണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയാണ് ഇന്നത്തെ പ്രകോപനത്തിന് കാരണം. അടുത്തിടെ കോൺഗ്രസിന്റെ പരിപാടികളിലും ജി സുധാകരൻ പങ്കെടുത്തിരുന്നു.
 

Tags

Share this story