വീടുകളില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തി; നിരത്തുകള്‍ അഴുകി നാറുന്നു: മാലിന്യ നീക്കം പൂര്‍ണമായും നിലച്ചു

brahmapuram

ബ്രഹ്‌മപരും മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ സാധിക്കാത്തതോടെ കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നിലച്ചു. രണ്ടു ദിവസമായി മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കോര്‍പറേഷന്‍ തയാറായിട്ടില്ല. ഇതോടെ നിരത്തുകളില്‍ അടക്കം മാലിന്യകൂമ്പാരം രൂപപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ നിലവില്‍ ശേഖരിക്കുന്നില്ല. അതേസമയം, ബ്രഹ്‌മപുരത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തി.

കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താല്‍ക്കാലികമായി സംസ്‌കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍, കിന്‍ഫ്ര, ഫാക്ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ പ്രതിസന്ധി നേരിട്ടപ്പോള്‍ ഫാക്ടിന്റെ അമ്പലമേടുള്ള സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചത്. ഫാക്ട് ഈ സ്ഥലം പിന്നീട് കിന്‍ഫ്രയ്ക്ക് കൈമാറിയിരുന്നു.

അതേസമയം, ബ്രഹ്‌മപുരത്ത് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്.

Share this story