ഇടുക്കിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഗ്യാസ് അപകടം

ഇടുക്കി: ജില്ലയിലെ കരിമ്പനയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കരിമ്പന സ്വദേശികളായ ജോളി, മകൻ ജസ്റ്റിൻ ജോസ് എന്നിവർക്കാണ് അപകടത്തിൽ സാരമായ പൊള്ളലേറ്റത്. ഇവരെ അടിയന്തര ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

​അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ മാറ്റിവെക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആദ്യ തവണ റെഗുലേറ്റർ കൃത്യമായി ഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് വീണ്ടും ബലമായി റെഗുലേറ്റർ ഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പാചകവാതകം ചോരുകയും പെട്ടെന്ന് തീ പടർന്നുപിടിക്കുകയുമായിരുന്നു. വൻ ശബ്ദത്തോടെ സിലിണ്ടർ മറ്റൊരിടത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു.

​സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗവും സമീപത്തെ ഒരു മുറിയും പൂർണ്ണമായി തകർന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സിലിണ്ടർ മാറ്റിവെക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story