ആടിയ നെയ്യ് ക്രമക്കേട്: ശബരിമല സന്നിധാനത്ത് വിജിലൻസിന്റെ പരിശോധന
ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ സന്നിധാനത്തു പരിശോധന. വിജിലൻസ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളിലാണ് പരിശോധന. കൗണ്ടറുകളിൽ ഉൾപ്പടെ രേഖകൾ പരിശോധിക്കുന്നുണ്ട്.
ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യിന്റെ വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് ദേവസ്വം ബെഞ്ച് നിർദേശം നൽകുകയും ചെയ്തിരുന്നു.
2025 നവംബർ 17 മുതൽ ഡിസംബർ 26 വരെയുള്ള കാലയളവിൽ മരാമത്ത് ബിൽഡിംഗിലെ കൗണ്ടറിൽ നിന്നും വിറ്റ 13,679 പാക്കറ്റ് നെയ്യിന്റെ പണമായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടിൽ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടിലുള്ളത്. ഏകദേശം 35 ലക്ഷം രൂപയോളം ഈ ചുരുങ്ങിയ കാലയളവിൽ മാത്രം വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിലയിരുത്തൽ.
