പ്രധാനമന്ത്രി എത്തിയതിൽ സന്തോഷം, വന്ദേഭാരത് നൽകിയതിന് നന്ദി; ഭാവിയിലും സഹകരണം ആവശ്യമെന്ന് മുഖ്യമന്ത്രി

cm

പൂർത്തിയാക്കിയ പദ്ധതികൾ നാടിന് സമർപ്പിക്കുന്ന വേളയിൽ ആദരണീയനായ പ്രധാനമന്ത്രി എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബായി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക വിവര സാങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾ കേരളത്തിൽ തുടക്കം കുറിക്കുകയാണ്. അത്തരത്തിൽ ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിന്റെ ഡിജിറ്റൽ സയൻസ് പാർക്ക് ഇന്ത്യക്ക് അഭിമാനമാണ്. ഡിജിറ്റൽ സയൻസ് പാർക്കും വാട്ടർ മെട്രോയും സംസ്ഥാന സർക്കാരിന്റെ മുൻകൈയുള്ള പദ്ധതിയാണ്. കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. തുടർന്നും കേരളത്തിന്റെ വികസനത്തിനായുള്ള സഹകരണം കേന്ദ്രത്തിൽ നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
 

Share this story