കോഴിക്കോട് വിമാനത്താവളത്തില്‍ ആറു ദിവസങ്ങളിലായി പിടിച്ചത് കോടികളുടെ സ്വര്‍ണ കള്ളക്കടത്ത്

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം  വഴി കടത്താന്‍ ശ്രമിച്ച 4.72 കോടിയുടെ സ്വര്‍ണ കള്ളക്കടത്ത് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 5.73 കിലോഗ്രാം സ്വര്‍ണവും 5.20ലക്ഷം രൂപ വിലവരുന്ന സിഗററ്റുമാണ് എയര്‍കസ്റ്റംസ് പിടിച്ചെടുത്തത്. 4.12 കോടി രൂപ വിലവരുന്നതാണ് സ്വര്‍ണം. ആറുദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ പിടികൂടിയത്. നിരവധി യാത്രക്കാരും അറസ്റ്റിലായി.

വിമാനത്താവളത്തിനകത്തുള്ള മാലിന്യപ്പെട്ടിയില്‍ സ്വര്‍ണ്ണമിശ്രിതരൂപത്തില്‍ ഉപേക്ഷിച്ച നിലയില്‍ 1.76 കോടി രൂപ വിലയുള്ള 2.45 കി.ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ടെര്‍മിനലിനകത്തെ പ്രവേശനഹാളില്‍ നിന്ന് 18 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കഷണവും പിടികൂടി. ബഹ്റൈനില്‍നിന്നെത്തിയ വടകര സ്വദേശിയില്‍നിന്നും 53.41 ലക്ഷം രൂപയുടെ 746 ഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍നിന്നെത്തിയ നാദാപുരം സ്വദേശിയില്‍നിന്ന് 53.28 ലക്ഷം രൂപയുടെ 40 ഗ്രാം സ്വര്‍ണവും പിടിച്ചു.

ദുബായില്‍ നിന്നെത്തിയ മലയമ്മ സ്വദേശിയില്‍നിന്ന് 28. 73 ലക്ഷം രൂപ വിലവരുന്ന 399 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. മസ്‌കറ്റില്‍ നിന്നെത്തിയ മലപ്പുറം പുല്ലങ്കോട് സ്വദേശിയായ യാത്രക്കാരനില്‍നിന്ന് 46.29 ലക്ഷം രൂപ വില വരുന്ന 642 ഗ്രാം സ്വര്‍ണവും പിടികൂടി. മിശ്രിതരൂപത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചും സ്വര്‍ണമിശ്രിതം പാദത്തിനടിയില്‍ ഒട്ടിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കുവൈത്തില്‍നിന്നെത്തിയ താമരശ്ശേരി സ്വദേശിയില്‍നിന്ന് 11.54 ലക്ഷം രൂപ വിലയുള്ളതും 160 ഗ്രാം തൂക്കവുമുള്ള സ്വര്‍ണച്ചെയിനും കണ്ടെടുത്തു. ദുബായില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശി ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 14.31 ലക്ഷം രൂപയുടെ 199 ഗ്രാം സ്വര്‍ണവും ദുബായില്‍ നിന്നെത്തിയ മറ്റൊരു കാസര്‍കോട് സ്വദേശി ശരീരത്തിനകത്തും ബാഗേജിലും ഒളിപ്പിച്ച 11.58 ലക്ഷം രൂപ വിലവരുന്ന 161 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളില്‍ ഒളിപ്പിച്ച 7. 12 ലക്ഷം രൂപയുടെ 99 ഗ്രാം സ്വര്‍ണവും മറ്റൊരു കേസില്‍ കണ്ടെടുത്തു.

Share this story