രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധം: കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി

Local
വിദേശ റിക്രൂട്ട്മെന്റ് സംബന്ധിച്ച ഏകദിന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ തവനൂരിൽ പാസ്പോർട്ട്‌ സേവന കേന്ദ്രം ഉടൻ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) ശ്രീ. അരുൺ കുമാർ ചാറ്റർജി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) വിദേശ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടെ കേരളത്തിലെ എല്ലാ ലോക്സഭ മണ്ഡലത്തിലും പാസ്പോർട്ട് സേവാ കേന്ദ്രമോ തപാൽ ഓഫീസ് പാസ്സ്പോർട്ട് സേവാ കേന്ദ്രമോ നിലവിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Local

സംസ്ഥാന ഗവണ്മെന്റിന്റെ നേതൃത്വത്തിൽ മൂന്ന്  റിക്രൂട്ട്മെന്റ് ഏജൻസികൾ ഉള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. സുരക്ഷിതമായ നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിൽ സംസ്ഥാന ഗവണ്മെന്റിന്റെ പ്രതിബദ്ധത ഇത് ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാജ റിക്രൂട്ട്മെന്റ് തടയുന്നതിന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാന പോലീസുമായി സഹകരിച്ച്‌ നടത്തിയ ഓപ്പറേഷൻ മൈഗ്രേഷൻ ഷീൽഡ് മറ്റ് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിന്  മാതൃകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു. കുടിയേറ്റം എന്നത് ഇന്ന് വെറും സംഖ്യകളിൽ ഒതുങ്ങുന്നതല്ല, മറിച്ച് അന്തസുള്ള, സുരക്ഷിതമായ, പൗരന്മാരുടെ അഭിലാഷങ്ങൾക്ക് അനുസൃതമായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. കോൺക്ലേവ് കാലിക പ്രസക്തമാണെന്നും  അരുൺ കുമാർ ചാറ്റർജി ചൂണ്ടിക്കാട്ടി. 

കോൺക്ലേവ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കുടിയേറ്റം വിശ്വാസ്യയോഗ്യവും, സുരക്ഷിതവും, സുതാര്യവുമാക്കാനുള്ള നയരൂപീകരണമാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെയും ഏജന്റുമാരെയും തിരിച്ചറിഞ്ഞു അവയെ തടയുക എന്നതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുന്നതിനുള്ള പ്രഥമ നടപടിയെന്നും ശ്രീ പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) മേജർ ശശാങ്ക് ത്രിപാഠി കൃതജ്ഞത രേഖപ്പെടുത്തി. കേരളത്തെ ഒരു ആഗോള തൊഴിൽ ശക്തിയായി മാറ്റുന്നതിൽ നോർക്കയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മേജർ ശശാങ്ക് ത്രിപാഠി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി ജിന ഉയിക, ശ്രീ. സുരീന്ദർ ഭഗത്, ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ ശ്രീ. അരവിന്ദ് മേനോൻ, റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ശ്രീമതി ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ ശ്രീ. ആസിഫ് കെ യൂസഫ്, കെഡിഐഎസ്‌സി മെമ്പർ സെക്രട്ടറി ശ്രീ. പി.വി, ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ അജിത് കൊളശ്ശേരി, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ്-ചെയർമാൻ ശ്രീ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ശ്രീമതി അനുപമ ടി. വി. തുടങ്ങിയവർ പങ്കെടുത്തു.

കോൺക്ലേവിന്റെ ഭാ​ഗമായി വിവിധ വിഷ‌യങ്ങളിൽ വിദ​ഗ്ധർ നയിച്ച പാനൽ ചർച്ചകളും നടന്നു. ഉയർന്നുവരുന്ന ആഗോള അവസരങ്ങൾ എന്ന ആദ്യ സെഷനിൽ പുതിയ കുടിയേറ്റ വിപണികളിലെ (യുറോപ്യൻ യൂണിയൻ, ജപ്പാൻ, GCC, കാനഡ) ആവശ്യകത മനസ്സിലാക്കൽ എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ നോർക്ക-റൂട്ട്സ് സിഇഒ ശ്രീ. അജിത് കൊളശ്ശേരി മോഡറേറ്ററായി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഓഫീസ് മേധാവി ശ്രീ. സഞ്ജയ് അവസ്തി, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിലെ സൗത്ത് ഏഷ്യയിലെ ലേബർ മൈഗ്രേഷൻ സ്പെഷ്യലിസ്റ്റ് ശ്രീമതി കാതറിൻ ലോസ്, ഇന്റർനാഷണൽ സെന്റർ ഫോർ മൈഗ്രേഷൻ പോളിസി ഡെവലപ്‌മെന്റിന്റെ ഇന്ത്യയിലെ കൺട്രി കോർഡിനേറ്റർ ഡോ. സുരഭി സിംഗ്, ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ്റെ (GIZ) പ്രോഗ്രാം കമ്പോണന്റ് മാനേജർ ശ്രീ. ലിജു ജോർജ് (ട്രിപ്പിൾ വിൻ ഇന്ത്യ), എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ നൈപുണ്യ വികസനം - വൈദഗ്ധ്യമുള്ളതും ഭാവിക്ക് തയ്യാറായതുമായ ഒരു പ്രതിഭാ അടിത്തറ കെട്ടിപ്പടുക്കുക എന്ന വിഷയത്തിൽ നടന്ന രണ്ടാം സെഷനിൽ വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് മോഡറേറ്ററായി.
അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ചെയർപേഴ്‌സൺ & മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസ്, കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് (കെഎഎസ്ഇ) & ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്) മാനേജിംഗ് ഡയറക്ടർ ശ്രീ. സുഫിയാൻ അഹമ്മദ്,  കേരളത്തിലെ ജർമ്മനിയുടെ ഓണററി കോൺസൽ & തിരുവനന്തപുരത്തെ ഗോഥെ സെൻട്രം ഡയറക്ടർ ഡോ. സയ്യിദ് ഇബ്രാഹിം, കേരള ഡെവലപ്‌മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) മെമ്പർ സെക്രട്ടറി ശ്രീ. പി.വി. ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു പാനലിസ്റ്റുകൾ.

നിയമാനുസൃതവും, സുതാര്യവുമായ കുടിയേറ്റത്തിലേക്കുള്ള വഴികൾ എന്ന മൂന്നാം സെഷന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഇപി & ഡബ്ല്യു) ശ്രീമതി. ജിന ഉയ്ക നേത‍ൃത്വം നൽകി. ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടർ ശ്രീ. ആസിഫ് കെ യൂസഫ് മോഡറേറ്ററായി.
തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ശ്രീമതി. ജീവ മരിയ ജോയ്, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ & ഡെവലപ്‌മെന്റ് (ഐഐഎംഎഡി) ചെയർമാൻ ഡോ. ഇരുദയ രാജൻ, സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ് സ്റ്റഡീസിലെ  (സിഐഎംഎസ്) ശ്രീ. റഫീഖ് റാവുത്തർ, ആർഎ അസോസിയേഷൻ എറണാകുളം പ്രസിഡന്റ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

കുടിയേറ്റ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തൽ എന്ന വിഷയത്തിൽ നടന്ന നാലാം സെഷനിൽ പ്രോട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) മേജർ ശശാങ്ക് ത്രിപാഠി മോഡറേറ്ററായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഇപി & ഡബ്ല്യു) ശ്രീമതി. ജിന ഉയ്ക, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഒഇ & പിജിഇ) ശ്രീ. സുരീന്ദർ ഭഗത്, നോർക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അജിത് കൊളശ്ശേരി, ഇന്ത്യൻ പേഴ്‌സണൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ പ്രസിഡന്റ് ശ്രീ. അബ്ദുൾ കരീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags

Share this story