കണ്ണൂർ സർവകലാശാല സെനറ്റിൽ ഗവർണർ ആർഎസ്എസ്, കോൺഗ്രസ് നേതാക്കളെ തിരുകി കയറ്റിയെന്ന് എസ്എഫ്‌ഐ

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് സിൻഡിക്കേറ്റ് നാമനിർദേശം ചെയ്ത 14 പേരുകളിൽ 12 പേരുകൾ തള്ളി ഗവർണർ. കഥാകൃത്ത് ടി പത്മനാഭൻ, ഗവേഷക വിദ്യാർഥി ആയിഷ ഫിദ എന്നിവരെയാണ് പട്ടികയിൽ നിലനിർത്തിയത്. പകരം ഗവർണർ ആർഎസ്എസ്, കോൺഗ്രസ് നേതാക്കളെ കൂട്ടിച്ചേർത്തതായി എസ് എഫ് ഐ ആരോപിച്ചു

മാനദണ്ഡം മറികടന്ന് ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററുടെ വിഭാഗത്തിൽ എൽപി സ്‌കൂൾ ഹെഡ്മാസ്റ്ററെ ഗവർണർ ശുപാർശ ചെയ്തതായും എസ് എഫ് ഐ ആരോപിച്ചു. ഗവർണർ ശുപാർശ ചെയ്തവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെനറ്റ് യോഗം ചേരാൻ അനുവദിക്കില്ലെന്ന് എസ് എഫ് ഐ പറഞ്ഞു.

ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനും എസ് എഫ് ഐ തീരുമാനിച്ചിട്ടുണ്ട്. ഇടത് അധ്യാപക, വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
 

Share this story