രണ്ട് സര്‍വകലാശാല ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേകർ

തിരുവനന്തപുരം: തീരുമാനമെടുക്കാതെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേകർ. രണ്ട് സര്‍വകലാശാല ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു. സ്വകാര്യ സര്‍വകലാശാല ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍ എന്നിവയാണ് രാഷ്ട്രപതിക്ക് കൈമാറിയത്.
അതേസമയം ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമന ഉത്തരവിനെതിരെ ഗവര്‍ണര്‍
സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയായതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പുതിയ നീക്കം. നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.സുപ്രീം കോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഗവര്‍ണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പുതിയതായി നിയമിച്ച പാനലില്‍ പേരുകള്‍ സമര്‍പ്പിക്കേണ്ടത് ചാന്‍സിലര്‍ക്ക് ആണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു.
സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കുന്ന പേരുകള്‍ മുന്‍ഗണന ക്രമം നിശ്ചയിച്ച് രണ്ടാഴ്ച്ചയ്ക്കുളളില്‍ ചാന്‍സിലറിന് നല്‍കണമെന്നാണ് നിര്‍ദേശം. യുജിസിയെ കക്ഷിയാക്കണമെന്ന് കാട്ടി ഗവര്‍ണര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ കക്ഷിയാക്കണമെന്നാണ് ആവശ്യം. കക്ഷി ചേരാന്‍ യുജിസിയും അപേക്ഷ നല്‍കും.