പി.എസ്.സി പിരിച്ചുവിടാൻ ഗവർണറുടെ നീക്കം; സർക്കാരിലും അന്വേഷണത്തിലും അതൃപ്തി: തട്ടിപ്പിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും
കേരളത്തിലെ പി.എസ്.സി. പരീക്ഷാ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിർണായക ഇടപെടൽ.പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറോളം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, വിഷയം രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനാണ് രാജ്ഭവന്റെ തീരുമാനം. പി.എസ്.സി ഭരണഘടനാ സ്ഥാപനമായതിനാൽ ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാനോ നേരിട്ട് നടപടിയെടുക്കാനോ ഗവർണർക്ക് അധികാരമില്ലെന്നും രാഷ്ട്രപതിക്ക് മാത്രമേ അതിന് സാധിക്കൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിലെ സർക്കാർ നടപടിയിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണത്തിലും ഗവർണർ തീർത്തും അസംതൃപ്തനാണ്. തട്ടിപ്പ് പുറത്തുവന്ന് രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ വഴിത്തിരിവുണ്ടാകാത്ത സാഹചര്യത്തിലാണ് രാജ്ഭവൻ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗവർണർ നിയമോപദേശം തേടിയതായാണ് വിവരം. ആസൂത്രണ ബോർഡ് പരീക്ഷാത്തട്ടിപ്പിൽ മാത്രമാണ് നിലവിൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. മറ്റിടങ്ങളിലെ പരാതികൾ പരിശോധിച്ചുവരികയാണെന്നാണ് പൊലീസിന്റെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി പൊലീസ് സംഘം പി.എസ്.സി ആസ്ഥാനത്തെ പരീക്ഷാ വിഭാഗത്തിലെത്തി രേഖകൾ പരിശോധിച്ചിരുന്നു.
ഭരണഘടനയുടെ അനുച്ഛേദം 317 പ്രകാരം, ഗവർണറുടെ ശുപാർശ ലഭിച്ചാൽ രാഷ്ട്രപതിക്ക് വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിനായി റഫർ ചെയ്യാൻ സാധിക്കും. സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചാൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരം ലഭിക്കും. തുടർന്ന് സുപ്രീംകോടതി റിപ്പോർട്ടിൽ പി.എസ്.സിക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായാൽ രാഷ്ട്രപതിക്ക് കമ്മീഷനെ പിരിച്ചുവിടാം.
എൽ.ഡി.എഫ് ഭരണകാലത്ത് നിയമിക്കപ്പെട്ട നിലവിലെ പി.എസ്.സി ഭരണസമിതിയെ പിരിച്ചുവിടാനുള്ള നിയമസാധ്യതകളാണ് ഗവർണർ ആരായുന്നത്. രാജ്യത്തുടനീളം വിവിധ പി.എസ്.സി തട്ടിപ്പുകൾക്കെതിരെ യുവാക്കളും പ്രതിപക്ഷ പ്രസ്ഥാനങ്ങളും കടുത്ത പ്രക്ഷോഭത്തിലാണ് . കേരളത്തിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടിൽ രാജ്ഭവൻ നടത്തുന്ന കടുത്ത നീക്കങ്ങൾ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പൊരുളലുകൾ സൃഷ്ടിക്കും.
