10 വർഷത്തെ നേട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനം; കേന്ദ്രത്തിനെതിരായ വിമർശനവും വായിച്ചു
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിനാണ് തുടക്കമായത്. മാർച്ച് 26 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റ് ഈ മാസം 29ന് അവതരിപ്പിക്കും.
കേരളം വികസനത്തിന്റെ പാതിയിൽ കുതിക്കുന്നതായി ഗവർണർ പറഞ്ഞു. പത്ത് വർഷമുണ്ടായത് മികച്ച നേട്ടമാണ്. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയതലത്തിൽ മാതൃകയാണ്. കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്റെയും തൊഴിലുറപ്പ് പദ്ധതിയിലടക്കം മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും ദാരിദ്ര്യ നിർമാർജനത്തെ കുറിച്ചും ഗവർണർ സൂചിപ്പിച്ചു
കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതടക്കമുള്ള കേന്ദ്ര തീരുമാനങ്ങളെ നയപ്രഖ്യാപനത്തിൽ ഗവർണർ വിമർശിച്ചു. ജി എസ് ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ചൂണ്ടിക്കാട്ടുകയും കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നുവെന്ന് വിമർശിക്കുകയും ചെയ്തു.
സംസ്ഥാനം വരുമാനം വർധിപ്പിച്ചു. ചെലവുകൾ പരിമിതപ്പെടുത്തി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തികരംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചക്ക് സഹായകരമാകും. വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും ഗവർണർ പറഞ്ഞു
