എഐ ക്യാമറ സ്ഥാപിച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്

എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്. പണം ലഭിക്കാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ചിരുന്നു. ഇതോടെയാണ് സർക്കാർ പണം അനുവദിച്ചത്. പണം നൽകിയില്ലെങ്കിൽ കൺട്രോൾ റൂമുകൾ നിർത്തുമെന്ന് കെൽട്രോൺ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു

ജൂൺ 5 മുതലാണ് എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്ന് മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ ചെലവാക്കിയ പണം ഗഡുക്കളായി നൽകുമെന്നായിരുന്നു ധാരണ. പദ്ധതിയിൽ അഴിമതിയാരോപണം വന്നതോടെ ഹൈക്കോടതിയിൽ ഹർജികളുമെത്തി. 

ആദ്യ ഗഡു കെൽട്രോണിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ആദ്യ ഗഡു സർക്കാർ നൽകിയില്ല. പണം ആവശ്യപ്പെട്ട് നാല് കത്തുകൾ കെൽട്രോൺ സർക്കാരിന് നൽകി. ഇനി കൺട്രോൾ റൂമുകൾ പ്രവർത്തിക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ പണം അനുവദിച്ചത്.
 

Share this story