ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം'; പ്രതികള്‍ക്ക് നോട്ടീസ്: പത്തു ദിവസത്തിനകം മറുപടി നല്‍കണം
കൊച്ചി: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ എസ്‌ഐടി നല്‍കിയ അപ്പീലില്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ആലപ്പുഴ കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് എസ്‌ഐടിയുടെ ആവശ്യം.
പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി ഈ മാസം 27ന് പരിഗണിക്കാന്‍ കോടതി മാറ്റി. അന്ന് ഗണ്‍മാന്‍മാരുടെ വാദവും കോടതി കേള്‍ക്കും. ആലപ്പുഴ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ആണ് അഞ്ചു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.
എന്നാല്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച ഉപകരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുന്ന ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കും, അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് എസ്‌ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
