അറിയിപ്പിൽ അരമണിക്കൂർ; എന്നാൽ രാത്രി ഇരുട്ടിലായത് രണ്ടുതവണ: സംസ്ഥാനത്ത് അസാധാരണ വൈദ്യുതി നിയന്ത്രണം

പവർകട്ട്

തിരുവനന്തപുരം: കനത്ത ചൂടിനിടെ ജനങ്ങളെ ദുരിതത്തിലാക്കി സംസ്ഥാനത്ത് അസാധാരണ രാത്രികാല വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ അരമണിക്കൂർ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു കെ.എസ്.ഇ.ബി നൽകിയിരുന്ന മുൻകൂട്ടി അറിയിപ്പ്. എന്നാൽ ജനങ്ങളെ വലച്ച് മിക്ക ജില്ലകളിലും വ്യത്യസ്ത സമയങ്ങളിലായി രണ്ടുതവണ ലോഡ്ഷെഡിങ് നടപ്പിലാക്കി. ചില പ്രദേശങ്ങളിൽ രണ്ടിൽ കൂടുതൽ തവണയും രാത്രി 12 മണിക്ക് ശേഷവും കറന്റ് മുടങ്ങി.

​ചുരുങ്ങിയ സമയപരിധിക്കുള്ളിൽ ഒരു മുൻറിയിപ്പുമില്ലാതെ ഒന്നിലധികം തവണ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്.

​നിലവിലെ സാഹചര്യം

പ്രതിസന്ധിക്ക് കാരണം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉൽപ്പാദനം കുറഞ്ഞതും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

നിയന്ത്രണം തുടരും: നിലവിലെ സാഹചര്യത്തിൽ രാത്രികാല വൈദ്യുതി നിയന്ത്രണം ഈ മാസം പകുതി വരെയെങ്കിലും തുടരേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

​പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിതല യോഗം

​രൂക്ഷമായ വൈദ്യുതി ക്ഷാമം ചർച്ച ചെയ്യുന്നതിനായി വൈദ്യുതി മന്ത്രി കെ.എസ്.ഇ.ബി ചെയർമാനും ഉയർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് അടിയന്തര യോഗം ചേരും.

​കൂടിയ വില നൽകിയാണെങ്കിലും പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും ഡാമുകളിലെ വെള്ളം ഉപയോഗിച്ച് ആഭ്യന്തര വൈദ്യുതോൽപ്പാദനം ഉയർത്താനും യോഗത്തിൽ തീരുമാനമെടുക്കും.

Tags

Share this story