കൈവെട്ട് കേസ്; സവാദിന്റെ ബന്ധുക്കള്‍ നേരിട്ട് ഹാജരാവണമെന്ന് എന്‍ഐഎ നോട്ടീസ്

Savad

കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി പ്രതി സവാദിന്റെ ബന്ധുക്കള്‍ക്ക് എന്‍ഐഎ നോട്ടീസ്. കൊച്ചിയിലെ എന്‍ഐഎയുടെ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.

ദിവസങ്ങള്‍ക്ക് മുന്‍പ് സവാദിനെ പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞിരുന്നു. എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. സവാദിനെ തിരിച്ചറിഞ്ഞു. പൗരന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിച്ചു. താന്‍ ഇര മാത്രം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ് എന്നാണ് തിരിച്ചറിയല്‍ പരേഡിന് ശേഷം ടി ജെ ജോസഫ് പ്രതികരിച്ചത്.

കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം പതിമൂന്ന് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി കേസിലെ മറ്റു പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

ഇത്രയും കാലം സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ആരൊക്കെയെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. സവാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സിം കാര്‍ഡും പിടികൂടിയിരുന്നു.

Share this story