ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ജയിൽ ആശുപത്രി ബ്ലോക്കിലെ താമസത്തെ പരോക്ഷമായി പരിഹസിച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം സെൻട്രൽ ജയിലിലെ സെല്ലുകളേക്കാൾ വൃത്തിയുള്ളതാണ് ആശുപത്രി ബ്ലോക്കെന്ന് അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തച്ചങ്കരിയുടെ പേര് പരാമർശിക്കാതെയാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥയയായ ശ്രീലേഖയുടെ പ്രതികരണം.
ആശുപത്രി ബ്ലോക്കിൽ നല്ല കിടക്കകളും മെത്തകളും തലയിണകളും ഫാനുകളും വൃത്തിയുള്ള ശുചിമുറികളും ഒറ്റയ്ക്ക് താമസിക്കാനുള്ള സൗകര്യവും മനോഹരമായ പൂന്തോട്ടവും പ്രത്യേക ഭക്ഷണവും ലഭ്യമാണെന്ന് ശ്രീലേഖ പറഞ്ഞു. താൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്ന കാലത്താണ് ഈ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതെന്നും അവർ വ്യക്തമാക്കി.
“ഇപ്പോൾ ആരെങ്കിലും അത് നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിൽ എനിക്ക് സന്തോഷമാണ്”- തച്ചങ്കരിയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് ശ്രീലേഖ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് കോടതി വ്യാഴാഴ്ച തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്.
2016ൽ എഡിജിപി ആയിരിക്കെ തച്ചങ്കരി തന്നെ വർഷങ്ങളായി മാനസികമായി പീഡിപ്പിക്കുന്നു എന്ന് ശ്രീലേഖ ആരോപിച്ചത് വിവാദമായിരുന്നു. സിവിൽ സർവീസ് പരിശീലന കാലം മുതൽ തച്ചങ്കരി തന്നെ പീഡിപ്പിച്ചുവരികയാണെന്ന് അവർ ആരോപിച്ചത്. അന്ന് ഗതാഗത കമ്മിഷണറായിരുന്ന തച്ചങ്കരി ആരോപണം നിഷേധിച്ചിരുന്നു.
