ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷം: കർണാടക ഫലത്തിൽ എം വി ഗോവിന്ദൻ
Sat, 13 May 2023

കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. വർഗീയതയോടുള്ള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു
അതേസമയം കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.