ഹാഷിം ആത്മഹത്യ ചെയ്യില്ല, അനുജയെ അറിയില്ല; ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങി: പിതാവ്

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിൽ വാഹനാപകടത്തില്‍ മരിച്ച ഹാഷിം നല്ല മനക്കരുത്തുള്ളവൻ ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് ഹക്കിം. ഇന്നലെ വൈകീട്ട് ഒരു ഫോണ്‍ കോള്‍ വന്നതിന് ശേഷമാണ് ഹാഷിം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയത്. ഉടന്‍ മടങ്ങി വരാമെന്ന് പറഞ്ഞാണ് മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കേട്ടത് അപകട വാര്‍ത്തയാണെന്നും ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.

‘നല്ല മനക്കരുത്തുള്ള മകന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. ഹാഷിമിനൊപ്പം അപകടത്തില്‍ മരിച്ച തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനുജയെ അറിയില്ലെന്നും’ ഹക്കിം പറഞ്ഞു.

ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുകയാണ്. കാര്‍ മനഃപൂര്‍വ്വം ട്രക്കിലിടിപ്പിച്ചതാണോ എന്ന സംശയത്തിലാണ് അടൂര്‍ പൊലീസ്. അനുജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്ന വാഹനത്തെ എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ച് ഹാഷിം തടയുകയും അനുജയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. എന്നാൽ, ആദ്യം ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുജ തയ്യാറായില്ല. ആക്രോശിച്ചുകൊണ്ട് ഹാഷിം വാനില്‍ കയറിയതോടെയാണ് അനുജ കാറില്‍ കയറാന്‍ തയ്യാറായതെന്നും സഹപ്രവര്‍ത്തകരുടെ മൊഴിയില്‍ പറയുന്നു. ചിറ്റപ്പന്റെ മകനാണ്, സഹോദരനാണെന്നാണ് അനുജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, പന്തികേട് തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നുവെന്നും
തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച്‌ വിവരം അറിയിക്കുകയുമായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്.

Share this story