ശബരിമല എക്സിക്യൂട്ടീവ് ഓഫിസറെ മാറ്റാൻ ഹൈക്കോടതി അനുമതി; പി.എസ്. ശാന്തകുമാർ ഇന്ന് ചുമതലയേൽക്കും

Shabarimala

കൊച്ചി: ശബരിമല എക്സിക്യൂട്ടീവ് ഓഫിസറെ മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി നൽകി. നിലവിലെ എക്സിക്യൂട്ടീവ് ഓഫിസറായ ഒ.ജി. ബിജുവിന് പകരം പി.എസ്. ശാന്തകുമാറിനെ നിയമിക്കാനാണ് കോടതി അനുമതി നൽകിയത്. പുതിയ ഓഫിസറായി നിയമിതനായ ശാന്തകുമാറിന് ഇന്ന് തന്നെ ചുമതലയേൽക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഈ തീരുമാനം.

​തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരായ ഒ.ജി. ബിജു, എസ്. ശ്രീനിവാസ് എന്നിവർ ശബരിമലയിൽ സ്ഥിരമായി തുടരുന്നതിനെ ഹൈക്കോടതി നേരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. കോടതി വിമർശനത്തെ തുടർന്ന് 'തുടരാൻ താല്പര്യമില്ല' എന്ന് ഇവരിൽ നിന്ന് എഴുതി വാങ്ങിയാണ് ദേവസ്വം ബോർഡ് ബിജുവിനെ മാറ്റാൻ തീരുമാനിച്ചത്. ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം എന്നിവയിലുണ്ടായ അഴിമതികളിൽ ബിജുവിന് പങ്കുണ്ടെന്ന സംശയവും ഉയർന്നിരുന്നു.

​സാധാരണയായി ശബരിമലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരെ ഒരു വർഷത്തെ കാലാവധിയിലാണ് നിയമിക്കാറുള്ളത്. അഴിമതി ആരോപണങ്ങൾ ഇല്ലാത്തവരെ മാത്രമേ ഈ പദവികളിൽ നിയമിക്കാവൂ എന്ന കർശന നിബന്ധനയുമുണ്ട്. ഇവരുടെ പേരുകൾ ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് സമർപ്പിച്ച്, കോടതിയുടെ അംഗീകാരം വാങ്ങിയ ശേഷമാണ് നിയമനം നൽകേണ്ടത്. എന്നാൽ മുൻപ് കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് ബിജുവിന് ദേവസ്വം ബോർഡ് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരുന്നത്. ഇതിനെതിരെയാണ് കോടതി ഇടപെടലുണ്ടായത്.

Tags

Share this story