ഹൈക്കോടതിയില്‍ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും തത്സമയ സംപ്രേഷണത്തിനും വിലക്ക്
ഹൈക്കോടതി വളപ്പില്‍ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, തത്സമയ സംപ്രേഷണം എന്നിവ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോടതി മുറികള്‍, ജഡ്ജിമാരുടെ ചേംബറുകള്‍, രജിസ്ട്രി ഓഫീസുകള്‍, റെക്കോര്‍ഡ് റൂമുകള്‍, സെര്‍വര്‍ റൂമുകള്‍ എന്നിവിടങ്ങളില്‍ ചിത്രീകരണത്തിനും തത്സമയ സംപ്രേഷണത്തിനും പൂര്‍ണ നിരോധനമേര്‍പ്പെടുത്തി.
ഹൈക്കോടതി സമുച്ചയത്തിനുള്ളില്‍ ഫോട്ടോഗ്രാഫിയോ വീഡിയോഗ്രാഫിയോ തത്സമയ സംപ്രേഷണമോ നടത്തണമെങ്കില്‍ ഹൈക്കോടതി അതോറിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതി വേണം. കോടതി വളപ്പില്‍ നിന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങളോ ചിത്രങ്ങളോ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ മറ്റ് മാധ്യമങ്ങളിലോ അപ്‌ലോഡ് ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല. കോടതി ഹാള്‍, ജഡ്ജിമാരുടെ ചേംബര്‍, രജിസ്ട്രി, റെക്കോര്‍ഡ് റൂം തുടങ്ങിയ ഭരണപരമായ സ്ഥലങ്ങളിലും നിയന്ത്രണം ബാധകമാണ്.
കോടതി നടപടികളുടെ രഹസ്യാത്മകത, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യവസ്ഥയുണ്ട്.
