വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം നടപടിയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനോട് പ്രതികരിച്ച് വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. കോടതി വിധിയുടെ പകർപ്പ് ഇതുവരെ ലഭ്യമായിട്ടില്ലെന്നും, വിധിപ്പകർപ്പ് ലഭിച്ച് വിശദമായി പരിശോധിച്ച ശേഷം ആവശ്യമായ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2025-ലെ വഖഫ് ഭേദഗതി നിയമപ്രകാരമുള്ള (ഉമീദ് ആക്ട്) ആവശ്യമായ അംഗങ്ങളുടെ പ്രാതിനിധ്യമില്ലാതെയാണ് നിലവിലെ ബോർഡ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കാനോ മൂലധന ചെലവുകൾ നടത്താനോ അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ ഭരണപരമായ ചുമതല സംസ്ഥാന വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് കൈമാറാനും കോടതി നിർദേശിച്ചു.
മുൻ സർക്കാർ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന്റെ ഘടന നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചത്. ഭേദഗതി നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളും ഷിയാ സമുദായ പ്രതിനിധിയും ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഹർജിക്കാരുടെ വാദം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിധി വിശദമായി പഠിച്ച ശേഷമായിരിക്കും സർക്കാർ നിലപാട് വ്യക്തമാക്കുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
