എംഎൽഎമാരും രാജ്യസഭാ എംപിമാരും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

എംഎൽഎമാരും രാജ്യസഭാ എംപിമാരും തൽസ്ഥാനം രാജിവെക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിഷയം പരിഗണിക്കേണ്ടതെന്ന് പറഞ്ഞ കോടതി ഹർജി പിഴയിട്ട് തള്ളുമെന്ന മുന്നറിയിപ്പും നൽകി. ഇതോടെ പൊതുതാത്പര്യ ഹർജി പിൻവലിച്ചു

രാഷ്ട്രീയ നിരീക്ഷകനായ ജോണിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടേണ്ട വിഷയത്തിൽ ഹൈക്കോടതി ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ഹർജിയെ വിമർശിച്ചത്. 

25,000 രൂപ പിഴ ചുമത്തി ഹർജി തള്ളുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഹർജി പിൻവലിക്കുകയാണെന്ന് ജോണി അറിയിച്ചു. എംഎൽഎമാരായ മുകേഷ്, കെ കെ ശൈലജ, ഷാഫി പറമ്പിൽ, കെ രാധാകൃഷ്ണൻ എന്നിവരും രാജ്യസഭാംഗമായ കെസി വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ എന്നിവരും മത്സരിക്കുന്നത് നിലവിലുള്ള ആനുകൂല്യങ്ങൾ ഉപയോഗിച്ചാണെന്നും ഇതിൽ ഹൈക്കോടതി തീരുമാനമെടുക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം
 

Share this story