രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി

rajeev

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് ശേഷം ഹർജി നൽകുകയാണ് പോംവഴിയെന്ന് കോടതി വ്യക്തമാക്കി

പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആദായ നികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു. പരാതിയിൽ രണ്ട് ദിവസത്തിനകം തീരുമാനം ആവശ്യപ്പെട്ടാണ് ആവണി ബെൻസാൽ, ബംഗളൂരു സ്വദേശി രഞ്ജിത്ത് തോമസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. 

രാജീവ് ചന്ദ്രശേഖർ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് പരാതി നൽകിയിട്ടും വരാണാധികാരി നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം. വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങൾ നൽകിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കുറച്ച് കാണിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
 

Share this story