വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; രണ്ട് പേർ മഞ്ചേശ്വരത്ത് പിടിയിൽ

Police

കാസർകോട്: രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭർതൃമതിയായ യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തുകയും, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യാവർ മാട സ്വദേശികളായ അൻവർ (46), സെനോഹർ (28) എന്നിവരാണ് പിടിയിലായത്. ഇതിൽ രണ്ടാം പ്രതിയായ സെനോഹർ മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ളയാളാണ്.

​ജൂൺ 23-ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27-കാരിയുടെ വീട്ടിൽ പ്രതികൾ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി ഇവർ പണം ആവശ്യപ്പെട്ടു.

​യുവതിയുടെ കൈവശം പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി അവരുടെ ഡയമണ്ട് കമ്മൽ ഊരിവാങ്ങി പ്രതികൾ കടന്നുകളയുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും പണം ആവശ്യപ്പെട്ടുള്ള ഭീഷണി പ്രതികൾ തുടർന്നു. ഒടുവിൽ ജൂൺ 29-ന് പ്രതികൾ വീണ്ടുമെത്തുകയും ലൈംഗികമായി വഴങ്ങണമെന്ന് ആവശ്യപ്പെട്ട് കടുത്ത ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് യുവതി മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.

​യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി മഞ്ചേശ്വരം എസ്.ഐ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

Tags

Share this story