ഭാര്യയോട് ബന്ധം വെളിപ്പെടുത്തി; യുവതിയെ കൊല്ലാനായാനാണ് പെൺവേഷം കെട്ടി കാമുകൻ ഗുരുവായൂരിലെത്തിയതെന്ന് പോലീസ്

പെൺവേഷം

ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയും മുഖ്യപ്രതി പ്രസാദും തമ്മിലുണ്ടായിരുന്ന ബന്ധം ഭാര്യയെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക പദ്ധതിക്ക് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺവേഷം കെട്ടിയ ഒരാൾ ഉൾപ്പെടെ അഞ്ചംഗസംഘമാണ് ബുധനാഴ്ച ഗുരുവായൂരിലെത്തിയത്. പടിഞ്ഞാറേ നടയിൽ സംശയാസ്പദമായി കണ്ടയാളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതക ഗൂഢാലോചന പുറത്തായത്.

പോലീസ് അന്വേഷണത്തിൽ, തൊടുപുഴയിലെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രസാദിന് അടുപ്പമുണ്ടായിരുന്നെന്നും ഇരുവരും കുറച്ചുകാലം ഒരുമിച്ച് താമസിച്ചിരുന്നെന്നും കണ്ടെത്തി. പിന്നീട് ബന്ധം അവസാനിപ്പിച്ചെങ്കിലും യുവതി പ്രസാദിന്റെ ഭാര്യയോട് ഇക്കാര്യം അറിയിക്കുകയും ഇരുവരുടെയും ചിത്രങ്ങൾ അയച്ചുനൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കുടുംബപ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് യുവതിയെ കൊലപ്പെടുത്താൻ പ്രസാദ് തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ യുവതി ഗുരുവായൂരിലേക്ക് ജോലി മാറിയിരുന്നു. യുവതിയുടെ താമസസ്ഥലവും ജോലിസ്ഥലവും കണ്ടെത്തുന്നതിനായാണ് പ്രസാദ് പെൺവേഷം കെട്ടി ഗുരുവായൂരിലെത്തിയത്. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ കണ്ടെത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും പോലീസ് വ്യക്തമാക്കി.

സംശയം തോന്നിയ പോലീസ് പ്രസാദിനെ ചോദ്യം ചെയ്തപ്പോൾ ആദ്യം കൂട്ടുകാരിയെ കാണാനെത്തിയതാണെന്നായിരുന്നു വിശദീകരണം. എന്നാൽ സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതക പദ്ധതി വെളിപ്പെട്ടത്. തുടർന്ന് ഗുരുവായൂരിലെ ലോഡ്ജിൽ നിന്നാണ് സംഘത്തിലെ മറ്റ് നാലുപേരെയും പോലീസ് പിടികൂടിയത്.

പ്രതികളിൽ നിന്ന് 16 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴ സ്വദേശികളായ ആദർശ്, പ്രസാദ്, ഷാഹിദ്, സ്റ്റീഫൻ, ഇടുക്കി മാത്തപ്പാറ സ്വദേശി ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് അറിയിച്ചു.

Tags

Share this story