കഴിക്കാൻ വാങ്ങിയിട്ട് റൂമിലേക്ക് പോകുന്നെന്ന് പറഞ്ഞു; പിന്നെ അറിഞ്ഞത് മരണവാർത്ത: മേഘയുടെ മരണത്തിൽ പിതാവ്
Mar 26, 2025, 09:16 IST

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് മധുസൂദനൻ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് ഫോൺ വിളിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് അറിയുന്നത് മരണ വാർത്തയായിരുന്നുവെന്നുമാണ് പിതാവ് പറയുന്നത്. എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും അപകട സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും മധുസൂദനൻ പറഞ്ഞു ഷിഫ്റ്റ് കഴിഞ്ഞ ഏഴ് മണിക്ക് മേഘ വിളിച്ചിരുന്നു. കഴിക്കാൻ വാങ്ങിയിട്ട് റൂമിലേക്ക് പോവുകയാണെന്ന് പുറഞ്ഞു. എന്നാൽ റൂമിലേക്ക് പോകുന്ന വഴി റെയിൽവേ ക്രോസിങ്ങോ ട്രാക്കോ ഇല്ലെന്നും പക്ഷേ റെയിൽവേ ട്രാക്കിന് അടുത്തേക്ക് പോയെന്നും പിതാവ് പറയുന്നു. അങ്ങനെ സംഭവിക്കണമെങ്കിൽ ആരെങ്കിലും വിളിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് ഇപ്പോഴുള്ളതെന്നും പിതാവ് പറയുന്നു. ഫോണിൽ സംസാരിച്ചുകൊണ്ടാണ് ട്രാക്കിൽ നടന്നതെന്ന് ചാനലിൽ വാർത്ത കണ്ടു. അതുകൊണ്ട് ഫോൺ പരിശോധിക്കണമെന്നും എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പരാതി നൽകാൻ പോവുകയാണ് പിതാവ് പറഞ്ഞു. എന്തെങ്കിലും പ്രശ്നമുള്ളതായി മകൾ പറഞ്ഞിട്ടില്ലെന്നാണ് പിതാവ് പറയുന്നത്. പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവർത്തകർ ഇടപെട്ടിരുന്നത്. മേഘയുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. അതേസമയം കൊച്ചിയിൽ ജോലിചെയ്യുന്ന ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി മേഘയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് വിവരം. പഞ്ചാബിൽ പരിശീലനത്തിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. ഇക്കാര്യം മേഘ വീട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ആദ്യം ഈ ബന്ധത്തിൽ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് അവർ സമ്മതിച്ചതായും ബന്ധുക്കൾ പറയുന്നു. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങളിലേയ്ക്കെത്തിയപ്പോൾ ഇയാൾ ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു പത്തനംതിട്ട സ്വദേശിയാണ് മേഘ ട്രെയിൻ തട്ടി മരിച്ചത്. തിരുവനന്തപുരം പേട്ടയ്ക്ക് സമീപത്ത് വച്ചാണ് ട്രെയിൻ തട്ടിയത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസ് സംശയിച്ചിരുന്നു. ട്രാക്കിലൂടെ ഫോൺ വിളിച്ച് നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്.