വില്ലനായും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി; നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസായിരുന്നു. വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
1965ൽ ഉദയ സ്റ്റുഡിയോ നിർമിച്ച് സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് പുന്നപ്ര അപ്പച്ചൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. മഞ്ഞിലാസിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ഒരു തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്.
വില്ലൻ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന സിനിമയിൽ തുടങ്ങി പിന്നീട് അടൂരിന്റെ എല്ലാ സിനിമകളിലും അപ്പച്ചന് ഒരു വേഷം ഉണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന സിനിമയിലും പുന്നപ്ര അപ്പച്ചന് അഭിനയിക്കാൻ കഴിഞ്ഞു. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങളുടെയും കൂടെയും അപ്പച്ചന് അഭിനയിച്ചിട്ടുണ്ട്.
