ആഗ്രഹം മൂത്ത് 'ആനവണ്ടി' എടുത്തു; പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച പ്രതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസ്

ബസ് മോഷണം

പാലക്കാട്: കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിൽ മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലിനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി നൽകിയ വിചിത്രമായ മൊഴിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുന്നത്. കേവലം കെഎസ്ആർടിസി ബസ് ഓടിക്കാനുള്ള വലിയ ആഗ്രഹം കൊണ്ടാണ് താൻ മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മാത്രമല്ല, കെഎസ്ആർടിസി ജീവനക്കാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന ഒരു 'ഉപദേശവും' പ്രതി പൊലീസിനു മുന്നിൽ വെച്ചു.

​കഴിഞ്ഞ ജൂൺ ആദ്യവാരമായിരുന്നു പൊലീസിനെയും കെഎസ്ആർടിസി അധികൃതരെയും ഒരുപോലെ വട്ടംചുറ്റിച്ച മോഷണം നടന്നത്. പാലക്കാട് ഡിപ്പോയ്ക്ക് പുറത്ത് ഡിപിഒ റോഡിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് പുലർച്ചെയോടെ പ്രതി സ്റ്റാർട്ട് ചെയ്ത് എടുത്തു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നഗരത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ മൂന്നര കിലോമീറ്ററോളം ബസ് ഓടിച്ചു. അശ്രദ്ധമായി ഓടിച്ച ബസ് പലയിടങ്ങളിലും കടകളിലും മതിലുകളിലും ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

​ജീവനക്കാർ തനിക്ക് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയതോടെ നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി തിരികെ പാലക്കാട്ടെത്തിയ വിവരമറിഞ്ഞ് പൊലീസ് സംഘം പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ (SP) ഓഫീസിന് തൊട്ടടുത്തുനിന്നാണ് പ്രതി അനായാസം ബസ് കടത്തിക്കൊണ്ടുപോയത് എന്നത് വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

Tags

Share this story