നിരന്തരം പ്രശ്‌നക്കാരിയാക്കി, കുഞ്ഞിനെ ഉപദ്രവിച്ചു; രാമന്തളി കൂട്ടക്കൊലയിൽ പ്രതികരണവുമായി കലാധരന്റെ ഭാര്യ
കണ്ണൂർ രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി മരിച്ച കലാധരന്റെ ഭാര്യ നയൻതാര. നീതിക്ക് വേണ്ടി പോരാട്ടം തുടരും. കുട്ടികളെ നഷ്ടമായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും ബന്ധുക്കൾക്കിടയിലും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് 27കാരിയായ യുവതി പ്രതികരിച്ചത്
കുട്ടികളെ 27കാരിയായ അമ്മയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് മക്കളെ കൊലപ്പെടുത്തി കലാധാരനും അമ്മ ഉഷയും ജീവനൊടുക്കിയത്. ഇതിന് പിന്നാലെ സ്ത്രീകൾക്ക് അനുകൂലമായ നിയമത്തിന്റെ പ്രശ്‌നമാണെന്ന തരത്തിൽ വ്യാപക ചർച്ചകളും ഉയർന്നിരുന്നു. ഇതിനിടെയാണ് താൻ നേരിട്ട നീതി നിഷേധത്തെ കുറിച്ച് യുവതി ദി ന്യൂസ് മിനിറ്റിനോട് വെളിപ്പെടുത്തിയത്
2018ൽ 20ാം വയസിലാണ് വിവാഹം നടന്നത്. ദമ്പതികൾ തമ്മിൽ 10 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം നേരിടേണ്ടി വന്നു. പക്വതയില്ലെന്നും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ഭർതൃവീട്ടുകാർ പറഞ്ഞു പരത്തി. ഭർത്താവ് അടക്കം വീട്ടിലെ സകല ആളുകളും വടി അടക്കം ഉപയോഗിച്ച് മർദിക്കുമായിരുന്നുവെന്നും യുവതി പറയുന്നു
മകളുടെ ജനനത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ മോശമായി. കലാധരന്റെ കാറ്ററിംഗ് ജോലിക്ക് സഹായിക്കാതിരിക്കാൻ മകളെ കാരണമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഉഷ മൂന്ന് മാസം പ്രായമുള്ള മകളെ തന്റെ അടുത്ത് നിന്ന് എടുത്തു കൊണ്ടു പോകുമായിരുന്നുവെന്ന് യുവതി പറയുന്നു. രാവും പകലും കലാധരനൊപ്പം ജോലി ചെയ്താലും കുഞ്ഞിനെ ഉറക്കാനോ കുളിപ്പിക്കാനോ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല
പീഡനങ്ങൾ അസഹ്യമായതോടെ യുവതി സ്വന്തം വീട്ടിലെത്തി. 2022ൽ സ്വന്തം വീട്ടുകാരുടെ അനുമതിയില്ലാതെ യുവതി വീണ്ടും കലാധരനൊപ്പം പോയി. ഏപ്രിൽ മാസത്തിൽ യുവതിയുടെ മകൾ ആശുപത്രിയിലായപ്പോഴാണ് യുവതിയെ സ്വന്തം വീട്ടുകാർ വീണ്ടും കാണുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ ചില പാടുകൾ എങ്ങനെ വന്നുവെന്ന് യുവതി ചോദ്യം ചെയ്തപ്പോൾ യുവതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് ഭർതൃവീട്ടുകാർ പറഞ്ഞു പരത്തി
മാർച്ച് മാസത്തിൽ മകളെ കുളിപ്പിക്കുമ്പോഴാണ് സ്വകാര്യ ഭാഗത്ത് നീറ്റലിനെ കുറിച്ച് കുഞ്ഞ് പരാതിപ്പെട്ടത്. കുഞ്ഞിനോട് സംസാരിച്ചപ്പോൾ രാത്രി മുത്തച്ഛനിൽ നിന്ന് മോശം അനുഭവം നേരിട്ടതിനെ കുറിച്ച് പറഞ്ഞു. അമ്മയോട് ചെറുമകൾ ഇക്കാര്യം പറഞ്ഞുവെന്ന് മനസിലാക്കിയതോടെ കലാധരന്റെ പിതാവ് മരുമകൾ ഇല്ലാക്കഥകൾ പറയുന്നതായി ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നു. ഏപ്രിൽ 2നാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി കുട്ടിയെ ആശുപത്രിയിലാക്കിയത്.
