അച്ഛനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ സ്വകാര്യ ബസ് ഇടിച്ചു; 12 വയസുകാരന് ദാരുണാന്ത്യം
Oct 20, 2025, 12:10 IST

തുറവൂരിൽ ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന 12 വയസുകാരൻ മരിച്ചു. ദേശീയപാതയിൽ പത്മാക്ഷിക കവലക്ക് സമീപം രാവിലെയാണ് അപകടം നടന്നത്. വയലാർ തെക്കേചെറുവള്ളി നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ(12) ആണ് മരിച്ചത്.
നിഷാദും ശബരീശനും ശബരീശന്റെ സഹോദരൻ ഗൗരീശനാഥനും ഒന്നിച്ച് ബൈക്കിൽ പോകവെയാണ് അപകടം. ബസ് ബൈക്കിൽ തട്ടിയതോടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ശബരീശൻ വഴിയിലേക്ക് തെറിച്ചുവീണു. ബസിന്റെ പിൻചക്രം കുട്ടിയുടെ ദേഹത്ത് കയറുകയും ചെയ്തു
കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിഷാദും ഗൗരീശനാഥനും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടണക്കാട് ബിഷപ് മൂർ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശബരീശൻ