കഴിഞ്ഞ ഡിസംബർ 4ന് എംഎൽഎയായി സത്യപ്രതിജ്ഞ; ഒരു വർഷത്തിനിപ്പുറം പുറത്ത്, ഇത് ചോദിച്ച് വാങ്ങിയ വിധി
കോൺഗ്രസിൽ ഏറെ പ്രതീക്ഷയോടെ ഉയർന്നു വന്ന നേതാവായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ചാനൽ ചർച്ചകളിലൂടെ സജീവമാകുകയും പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പാലക്കാട് എംഎൽഎ ആയുമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. അതിനിരട്ടി വേഗത്തിലുമായി പോയി രാഹുലിന്റെ പതനവും. ഇത് ചോദിച്ച് വാങ്ങിയ വിധിയാണ്. ഒരു പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പല വൈകൃതങ്ങളുടെയും ഉടമയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരിക്കുന്നു
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ കനത്ത പ്രതിസന്ധിയിലാക്കിയതോടെ രാഹുലിനെ പുറത്താക്കാൻ കോൺഗ്രസും തീരുമാനിക്കുകയായിരുന്നു. പുകഞ്ഞ കൊള്ളി പുറത്തു പോകട്ടെ എന്ന് കെ മുരളീധരനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കൾ നേരത്തെ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. ഒടുവിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ രാഹുലിനെ പുറത്താക്കി കൊണ്ടുള്ള വാർത്താക്കുറിപ്പ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറക്കി
കഴിഞ്ഞ വർഷം ഡിസംബർ 4നാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്. കൃത്യം ഒരു വർഷത്തിനിപ്പുറം അതേ ദിവസം തന്നെ തന്റെ രാഷ്ട്രീയജീവിതത്തിന്റെ പതനവും രാഹുൽ നേരിട്ടിരിക്കുകയാണ്. ഇനിയൊരിക്കലും തിരിച്ചു വരാൻ സാധിക്കാതെ രീതിയിൽ രാഹുലിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുകയാണ്.
ബലാത്സംഗം മാത്രമല്ല, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമുള്ള പരാതി കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. രാഹുലിന്റെ അനുയായികൾ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയി. ഇതിന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തുവന്നു. ഇനിയും നിരവധി പേർ രാഹുലിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
