ജയിച്ചത് യുഡിഎഫ് അംഗമായി; കൂറുമാറി എൽഡിഎഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റ്, അഗളിയിൽ നാടകീയ നീക്കം
പാലക്കാട് അഗളി പഞ്ചായത്തിൽ യുഡിഎഫിന്റെ അംഗം എൽഡിഎഫിന്റെ പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് അംഗം മഞ്ജു കൂറുമാറി എൽഡിഎഫിനൊപ്പം ചേരുകയായിരുന്നു. 20ാം വാർഡായ ചിന്നപ്പറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗമാണ് മഞ്ജു
തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്ന് മഞ്ജു പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് തനിക്ക് വോട്ട്് ലഭിച്ചതെന്നും ഇവർ പ്രതികരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒമ്പത് വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നു
അതേസമയം വയനാട് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പഞ്ചായത്ത് പിടിച്ചെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇത് മാറിമറിഞ്ഞു. യുഡിഎഫിൽ നിന്ന് 25 വർഷത്തിന് ശേഷം എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്തായിരുന്നു മൂപ്പൈനാട്
്തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽഡിഎഫിന് 9, യുഡിഎഫിന് 8 എന്നിങ്ങനെയായിരുന്നു അംഗബലം. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി മാറി. ഇതോടെ ഇരുപക്ഷത്തുമുള്ള വോട്ട് നില 8-8 എന്ന നിലയിൽ വന്നു.
ഇതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്താൻ തീരുമാനിച്ചു. നറുക്ക് യുഡിഎഫിന് വീണതോടെ എട്ട് അംഗങ്ങളുള്ള യുഡിഎഫ് പഞ്ചായത്ത് ഭരിക്കും. യുഡിഎഫ് അംഗമായ സുധയാണ് പഞ്ചായത്ത് പ്രസിഡന്റ്
