നീതി ഉറപ്പാക്കി ആരോഗ്യമന്ത്രി; സമരം അവസാനിപ്പിച്ച് ഹർഷിന

Local

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ സമരം അവസാനിപ്പിച്ച് ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ ഓഫീസിൽ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ആരോഗ്യമന്ത്രി സമരപ്പന്തലിൽ എത്തി ഹർഷിനയെ കണ്ടശേഷം ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളെജിന്‍റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. ഇതിനിടെയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്‍റെ മുന്നിൽ സമരം ചെയ്യുന്ന ഹർഷിനയെ മന്ത്രി കാണാനെത്തിയത്. ചർച്ചയിൽ ഹർഷിനക്കൊപ്പം ഭർത്താവും പങ്കെടുത്തിരുന്നു. നീതി ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഹർഷിനയ്ക്ക് ഉറപ്പു നൽകി.

2017 ൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ ശസ്ത്രക്രിയക്കുശേഷമാണ് അസഹനീയമായ വയറുവേദനയും മറ്റും അനുഭവപ്പെട്ടതെന്ന് ഹർഷിന ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ യുവതിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളെജിന്‍റെതല്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പേർട്ടിൽ പറയുന്നത്. തുടർന്നാണ് റിപ്പോർട്ടിലെ വൈരുധ്യവും ആരോഗ്യവകുപ്പിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹർഷിന സമരം ആരംഭിച്ചത്.

Share this story