എറണാകുളം ജില്ലയില്‍ തീവ്രമഴയ്ക്കു മുന്നറിയിപ്പ്; 4 ജില്ലകളിൽ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എറണാകുളം ജില്ലയില്‍ തീവ്രമഴയ്ക്കു മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുള്ളതിനാൽ ഈ 4 ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.

തിങ്കളാഴ്ച കണ്ണൂരിലും ചൊവ്വാഴ്ച തൃശൂരിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും കേരളത്തീരത്ത് നിലനില്‍ക്കുന്ന ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്‍റെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this story