ശക്തമായ മഴ; മലപ്പുറത്ത് കലക്കൻ പുഴ നിറഞ്ഞൊഴുകുന്നു

ശക്തമായ മഴയെ തുടർന്ന് മലപ്പുറം കലക്കൻ പുഴ നിറഞ്ഞൊഴുകുന്നു. മലപ്പുറം വഴിക്കടവ്, മണിമൂളി മേഖലയിൽ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. സമീപത്തെ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി. അതേസമയം ഇവിടങ്ങളിലെ കനത്ത മഴയെ തുടർന്ന് കോഴി ഫാമിൽ വെള്ളം കയറി 2000 കോഴികൾ ചത്തു. അതേസമയം രാവിലെ മുതൽ വെള്ളം ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുകയാണ്. നേരത്തെ ഉണ്ടായ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടായിട്ടുണ്ട്. 14 ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി മലപ്പുറം, കോഴിക്കോട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിൽ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ് ഉള്ളത്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന തീവ്രന്യൂന മർദ്ദത്തിൻ്റെയും, മാന്നാർ കടലിടുക്കിനു മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.