ശക്തമായ മഴ; ഓറഞ്ച് അലർട്ട്: കാസർകോട്, എറണാകുളം, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സ്‌കൂൾ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നതും മൂന്ന് ജില്ലകളിൽ നാളെ ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലും കാസർകോട്, എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ശാലകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

​മലയോര-തീരദേശ മേഖലകളിൽ കനത്ത മഴ പെയ്യുന്നതും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതുമാണ് മുൻകരുതൽ നടപടിയായി അവധി പ്രഖ്യാപിക്കാൻ കാരണം. ചില ജില്ലകളിൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

​തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാനും, ജലാശയങ്ങൾക്ക് സമീപം ഇറങ്ങുന്നത് തടയാനും നിർദേശമുണ്ട്.

Tags

Share this story