സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്: ശക്തമായ കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട് കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് അലർട്ടുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.
അതേസമയം വരും മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ - കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ രാവിലെ 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ തെക്കൻ കേരളം തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
