ശക്തമായ മഴ തുടരുന്നു: രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം

rain

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്

കണ്ണൂരും കാസർകോടും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോര മേഖലകളിൽ ശക്തമായ മഴയാണ് തുടരുന്നത്. സംസ്ഥാനത്ത് കനത്ത മഴയിൽ ഇന്ന് മാത്രം മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ആലപ്പുഴ കുളങ്ങരയിൽ മുറ്റത്ത് നിന്ന തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. ധർമപാലന്റെ മകൻ അരവിന്ദാണ് മരിച്ചത്

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി തോട്ടിൽ വീണ് മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസാണ് മരിച്ചത്

കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലത്ത് അർധരാത്രി മുതൽ മഴ തുടരുകയാണ്. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പാരിപ്പിള്ളി വരെ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം വാളകത്ത് എംസി റോഡിൽ വെള്ളക്കെട്ടുണ്ടായി.
 

Share this story