ഇടുക്കിയിൽ കനത്ത മഴ: വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപ്പാർപ്പിച്ചു, മുല്ലപ്പെരിയാർ ഡാം തുറക്കും

idukki

ഇടുക്കിയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ പ്രദേശവാസികളെ വീടുകളിൽ നിന്ന് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. എട്ട് മണിയോടെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചത്

സെക്കൻഡിൽ 5000 ഘനയടി ജലം തുറന്നുവിടാനാണ് തീരുമാനം. 1683 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്നും 17,828 ക്യൂസെക്‌സ് വെള്ളമാണ് ഡാമിലേക്ക് എത്തുന്നതെന്നും അധികൃതർ അറിയിച്ചു

കല്ലാർ ഡാമിലെ നാല് ഷട്ടറുകൾ ഉയർത്തി. മലവെള്ളപ്പാച്ചിലിൽ വണ്ടിപ്പെരിയാറിൽ വീടുകളിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലകളിൽ വളർത്തു മൃഗങ്ങളും ഇരുചക്ര വാഹനങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നെടുങ്കണ്ടം കൂട്ടാറിൽ ടെമ്പോ ട്രാവലർ ഒഴുക്കിൽപ്പെട്ടു.
 

Tags

Share this story