സംസ്ഥാനത്ത് 3 ദിവസം ശക്തമായ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്
Apr 4, 2026, 15:25 IST
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച (04/04/2026) 5 ജില്ലകളിലാണ് യെലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
