കനത്ത മഴ; റെഡ് അലർട്ട്: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: അതിശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍, പാരലല്‍ കോളജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു.
കനത്ത മഴയുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ജലാശയങ്ങള്‍, തോടുകള്‍, മരങ്ങള്‍ക്കു സമീപം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാന്‍ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കാമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
