കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശ: എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി; മുഖ്യമന്ത്രി വിഡി സതീശൻ കത്തയച്ചു

ഹൈബി ഈഡൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റാനുള്ള ശിപാര്‍ശയില്‍ വിവാദം. എറണാകുളം എംപി ഹൈബി ഈഡന്‍ പേരുമാറ്റത്തില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കേരളം മെട്രോ’ എന്ന് മാറ്റാനുള്ള കെഎംആഐര്‍എല്‍ നീക്കം വിചിത്ര നടപടിയെന്നാണ് അദ്ദേഹം കത്തിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. കൊച്ചി മെട്രോ എന്ന പേര് തന്നെ നിലനിര്‍ത്തണമെന്ന് ഹൈബി ഈഡന്‍ എംപി കത്തിലൂടെ ആവശ്യപ്പെട്ടു. 

അഭിപ്രായ ഐക്യമില്ലാതെ തീരുമാനം എടുക്കരുതെന്നാണ് ഹൈബി ഈഡന്‍ എംപി കത്തിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവനും നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കൊച്ചി മെട്രോയുടെ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നത് അഭിമാനകരമെങ്കിലും പേര് മാറ്റം അംഗീകരിക്കാനാകില്ല. പേരുമാറ്റാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അവധാനതയോടെ സമീപിക്കേണ്ട ഈ വിഷയത്തെ ചരിത്രബോധമില്ലാതെ ഇടപെട്ട് തിടുക്കത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി.

കേരളം മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് മാറ്റത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബഹ്‌റയാണ് സര്‍ക്കാരിനെ സമീപിച്ചത്. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടായിരുന്നു ശിപാര്‍ശ. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തന ലാഭത്തിലാണ് കമ്പനി. നാഗ്പൂര്‍ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും, ലഖ്നൗ മെട്രോ ‘ഉത്തര്‍പ്രദേശ് മെട്രോ’ ആയും, അഹമ്മദാബാദ് മെട്രോ ‘ഗുജറാത്ത് മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടര്‍ന്നാണ് കെ.എം.ആര്‍.എല്‍ നീക്കം.

പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് ലഭിക്കേണ്ടത്. അനുമതി ലഭിച്ചാല്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഡയറക്ടര്‍ ബോര്‍ഡ്, ഓഹരി ഉടമകള്‍, കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ അംഗീകാരങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക.

Tags

Share this story