എസ് എൻ കോളജ് ഫണ്ട് തട്ടിപ്പിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി; വെള്ളാപ്പള്ളിക്ക് തിരിച്ചടി

vellappally natesan

വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ് എൻ കോളജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ തന്നെ വിചാരണ തുടരാമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി. 

തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളാപ്പള്ളി വീണ്ടും പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിലും നിയമപ്രശ്‌നമുണ്ട്. പുതിയ നിയമാവലി പ്രകാരം കേസന്വേഷമം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഹൈക്കോടതി വിധി

1998 എസ് എൻ കോളജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. ഒരു കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി. കേസിൽ 2020ൽ ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയെ പ്രതിയാക്കി സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പുനരന്വേഷണത്തിന് കോടതി അനുമതി നൽകുകയായിരുന്നു. തുടർന്നാണ് വെള്ളാപ്പള്ളി പ്രതിയല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
 

Share this story