പ്ലസ് ടു കോഴക്കേസിലെ ഹൈക്കോടതി നടപടി ഭരണകൂടം വേട്ടയാടുന്ന എല്ലാവർക്കും ആശ്വാസം: ഷാജി

shaji

പ്ലസ് ടു കോഴക്കേസിലെ എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധി ഭരണകൂടം വേട്ടയാടുന്ന എല്ലാവർക്കും ആശ്വാസമാണെന്ന് കെഎം ഷാജി. തനിക്കെതിരായ കേസ് എത്രമാത്രം ദുർബലമെന്ന് വിധി തെളിയിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞതിനാണ് സർക്കാർ തന്നെ വേട്ടയാടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്റെ പരാജയത്തിന് കാരണമായതും ഇതേ കേസ് തന്നെയാണ്

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കള്ളക്കേസ് എടുത്തത്. ചെറിയ മാർജിനിൽ തോൽക്കുന്ന സാഹചര്യമുണ്ടായി. വ്യാജ ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടത് സ്ഥാനാർഥി രാജിവെക്കണമെന്ന് പറയുന്നില്ല. വ്യാജ പ്രചാരണത്തിന് മാപ്പ് പറയാൻ തയ്യാറുണ്ടോയെന്നും ഷാജി ചോദിച്ചു. തന്റെ കേസിലേക്ക് ഇഡിയെ വിളിച്ചുവരുത്തുകയാണ് വിജിലൻസ് ചെയ്തത്. 

മുൻ എസ് എഫ് ഐക്കാരനായ ഇ ഡി ഉദ്യോഗസ്ഥൻ തന്നെയും കുടുംബത്തെയും അന്വേഷണത്തിന്റെ പേരിൽ വേട്ടയാടി. തനിക്ക് ഹൃദയാഘാതം ഉൾപ്പെടെ വന്നു. സൈബർ ഗ്രൂപ്പുകളും മാധ്യമങ്ങളും വേട്ടയാടിയെന്നും ഷാജി പറഞ്ഞു.
 

Share this story