ഹിജാബ് വിവാദം: വിദ്യാർഥിനി ഇന്ന് ടി സി വാങ്ങില്ല, ഹൈക്കോടതി ഉത്തരവിന് കാത്തിരിക്കുന്നു

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാർഥിനി ഇന്ന് ടിസി വാങ്ങില്ല. ഹൈക്കോടതി തീർപ്പു കൽപിക്കും വരെ ടി സി വാങ്ങില്ലെന്ന് അഭിഭാഷകൻ അമീൻ ഹസൻ പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ഹിജാബ് ധരിച്ച് സ്‌കൂളിൽ പോകാവുന്ന സാഹചര്യമുണ്ട്. പക്ഷേ സാമൂഹിക സംഘർഷം ഉണ്ടാക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു.
കോടതി ഉത്തരവ് വന്നാലും മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കുട്ടിക്ക് സ്‌കൂളിൽ പോകാൻ കഴിയാതെ വരും. സമവായത്തിന്റെ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ കുട്ടി അതേ സ്‌കൂളിൽ തുടർന്ന് പഠിക്കൂവെന്നും അഡ്വ. അമീൻ ഹസൻ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർഥിനിയെ പുറത്തുനിർത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ ക്ലാസിൽ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞത്.